ദിസ്പൂർ: അസമിലെ സില്ചാര് വിമാനത്താവളത്തില്‍ എത്തിയ 300ഓളം യാത്രക്കാര്‍ നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതെ പോയെന്ന് റിപ്പോർട്. ബുധനാഴ്ച സില്ചാര് വിമാനത്താവളത്തില്‍ അകെ ഏഴ് വിമാനങ്ങളാണ് ലാൻഡ് ചെയ്തതിൽ. ഇതിൽ ആറ് വിമാനങ്ങളിൽ നിന്നായി 690 യാത്രക്കാർ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിൽ 189 യാത്രക്കാർ മാത്രമേ നിർബന്ധിത കോവിഡ് പരിശോധന നടത്തിയിട്ടുള്ളൂ.
പരിശോധന നടത്തിയ 189 യാത്രക്കാരിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ” ഇംഫാലിൽ നിന്ന് ഷില്ലോംഗ് വഴി വന്ന ഒരു വിമാനത്തിൽ നിന്ന് മാത്രമാണ് ഒരു യാത്രക്കാരൻ പോലും സില്ചാര് വിമാനത്താവളത്തില്‍ ഇറങ്ങാതിരുന്നത്. മറ്റ് ആറ് വിമാനങ്ങളിൽ നിന്നും യാത്രക്കാർ ഇവിടെ ഇറങ്ങിയിട്ടുണ്ട്. 690 യാത്രക്കാരിൽ 189 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി, ഇതിൽ ആറ് പേർ പോസിറ്റീവായി. ഗുവാഹത്തിയിൽ നിന്നാണ് വരുന്നതെന്നു പറഞ്ഞതും, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുമെന്നു പറഞ്ഞതുമായ 46 യാത്രക്കാർക്ക് ഇളവ് അനുവദിച്ചിരുന്നു. ഇവരെ കൂടാതെ 300ഓളം യാത്രക്കാരാണ് കോവിഡ് പരിശോധന നടത്താതെ വിമാനത്താവളം വിട്ടത്,”- കാച്ചർ ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുമിത് സത്തവൻ പറഞ്ഞു.
വിമാനത്താവളത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും യാത്രക്കാർക്ക് വേണ്ടി ബസുകൾ ക്രമീകരിക്കുകയും ചെയ്തിരുന്നു, എന്നാൽ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് അവരിൽ ചിലർ വിമാനത്താവളത്തിൽ നിന്ന് കടന്നുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ കോവിഡ് പരിശോധനക്ക് വിധേയരാകാത്ത യാത്രക്കാരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പരിഗണനയിലുണ്ട്,”- സുമിത് സത്തവൻ പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് അസം സർക്കാർ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, വരുന്ന എല്ലാ യാത്രക്കാരും ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. സില്ചാര് വിമാനത്താവളത്തിന്റെ വലിപ്പം കുറവായതിനാല്‍, സമീപത്തുള്ള ടിക്കോള്‍ മോഡല്‍ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.
Also Read: കോവിഡ് രണ്ടാം തരംഗം; ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിൽ








































