കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണം സംബന്ധിച്ച് ഉത്തരമേഖലാ ഐജിയോട് റിപ്പോർട് തേടി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൂടാതെ മോഷണം നടന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെയാണ് കണ്ണൂർ സെൻട്രൽ ജയിൽ കോമ്പൗണ്ടിനുള്ളിൽ മോഷണം നടന്നത് പുറത്തറിയുന്നത്. ജയിൽ വളപ്പിലെ ഫുഡ് കൗണ്ടറിൽ നിന്നും 1,92,000 രൂപയാണ് മോഷണം പോയത്. ഫുഡ് കൗണ്ടറിലെ ഒരു ദിവസത്തെ വരുമാനമായിരുന്നു മോഷണം പോയ തുക. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയോടെ മോഷണം നടക്കാനാണ് സാധ്യതയെന്ന് പോലീസ് വിലയിരുത്തുന്നു.
ബുധനാഴ്‌ച രാത്രിയോടെ പെയ്‌ത ശക്‌തമായ മഴയിൽ ജയിലിലെ വൈദ്യുതബന്ധം നിലച്ചിരുന്നു. ഈ സാഹചര്യത്തിൽ രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ജയിലുമായും, പരിസരവുമായും അടുത്ത ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also : ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത് റഷ്യ







































