ടെൽ അവീവ്: ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ആവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതിനിടെ, ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.
ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിൽ 40 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 10,812 ആയി.
അതേസമയം, വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല.
അതിനിടെ, ഹമാസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. അമ്പതോളം ഹമാസുകാരെ വധിച്ചെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസ മുനമ്പിന്റെ ഹൃദയഭാഗത്തേക്ക് സേന പ്രവേശിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങൾ ലക്ഷ്യംവെച്ചാണ് ഇസ്രയേലിന്റെ മുന്നേറ്റം. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്ത് വെടിവെപ്പ് നടക്കുകയാണ്.
ഗാസയിൽ ദിവസേന നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പലസ്തീനികൾക്ക് ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഗാസയിലെ വടക്കൻ മേഖലയിൽ ആയിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. സൈനിക നടപടികൾ എപ്പോൾ നിർത്തിവെക്കുമെന്ന് ഓരോ ദിവസവും ഇസ്രയേൽ വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് അറിയിക്കുമെന്നാണ് അമേരിക്ക പറയുന്നത്.
Most Read| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!







































