പാലക്കാട്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ആയിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചതായാണ് വിവരം. ഇതുവരെ നിലപാട് വ്യക്‌തമാക്കിയില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകളിലെ സൂചന.
”സ്‌ഥാനാർഥി ആകണമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. സ്‌ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്”- എ. സുരേഷ് പറഞ്ഞു.
2013 മേയ് 12,13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാദ്ധ്യമങ്ങൾക്ക് വിതരണം ചെയ്‌തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കിയത്.
പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്ത് നൽകിയെങ്കിലും അവയൊന്നും പരിഗണിക്കപ്പട്ടില്ല. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി ദിവങ്ങൾക്ക് മുൻപ് സുരേഷ് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയോടായിരുന്നു സുരേഷ് ചോദ്യങ്ങൾ ഉന്നയിച്ചത്.
Most Read| അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന; 2025ൽ നടന്നത് 77 ശസ്‌ത്രക്രിയകൾ





































