കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് കോടതിയിൽ റിപ്പോർട് സമർപ്പിക്കും.
കണ്ണൂരിൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ടർ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലേക്കാണ് ദിവ്യ കടന്നുവന്നത്. ഈ സംഭവത്തിന് ശേഷം നവീൻ ബാബു തന്റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു.
പൊതുവേദിയിൽ ദിവ്യ അപമാനിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. കണ്ണൂർ ചെങ്ങളായിൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള പ്രശാന്തൻ എന്ന സംരംഭകന് നിരപേക്ഷ പത്രം നൽകുന്നതിൽ നവീൻ ബാബു അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.
അതിനിടെ, നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മൂന്നുമണിക്ക് പത്തനംതിട്ടയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ട്രേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീൻ ബാബുവിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമങ്ങൾ ചെയ്തത്. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!