ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടെ വാഹനാപകടം. കോയമ്പത്തൂർ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെ അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽ പെട്ടു. ഊട്ടി ചുരമിറങ്ങുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. വാഹനവ്യൂഹം യാത്ര തുടരുകയാണ്.
വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗമാണ് വിലാപയാത്ര. പരേഡ് ഗ്രൗണ്ടിൽ പൂർണ ബഹുമതികളോടെയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, വ്യോമസേന മേധാവി വിആർ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങൾ, ഗവർണർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വിലാപ യാത്രക്ക് വഴിനീളെ നാട്ടുകാർ പുഷ്പ വൃഷ്ടി നടത്തുകയാണ്. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക് പുറപ്പെടും.
ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്റ്ററുകളിൽ ഒന്നായ എംഐ-17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്.
Most Read: ‘ഭാഷാ പ്രയോഗം അതിഭീകരം’; ചുരുളിയിലെ നടനും സംവിധായകനും ഹൈക്കോടതി നോട്ടീസ്








































