കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34), ഉമ്മ ബി സൽമ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് 12.45ന് ആണ് സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർഗോഡ് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദിഖിനെയും (25) ശനിയാഴ്‌ച ആദൂർ പോലീസ് പിടികൂടിയിരുന്നു.
പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റ ബദിയടുക്കയിലെ ഹർഷാദ് എന്നയാൾ ആശുപത്രിയിലാണ്. ഇവർ ലഹരി ഉപയോഗിക്കുന്ന കാര്യം പോലീസിൽ അറിയിച്ചത് മുഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു വീട്ടിൽക്കയറിയുള്ള മർദ്ദനം. സിനാനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഉമ്മയ്‌ക്കും പരിക്കേറ്റത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ