കൊച്ചി: കാക്കനാട് ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. കേരളത്തിലേക്ക് പ്രതികൾ ഇതിനോടകം 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്തിയതായാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്. കൂടാതെ കേരളത്തിലേക്ക് അവസാനം എത്തിച്ച 2 കിലോ എംഡിഎംഎയിൽ ഒന്നരകിലോ ഉൾപ്പടെ ഇവയിൽ ഭൂരിഭാഗവും വിൽപന നടത്തിയതായും അന്വേഷണസംഘം അറിയിച്ചു.
നിലവിൽ പ്രതികളുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന വിലാസങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം എക്‌സൈസ് ഊർജിതമാക്കിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ഉൾപ്പടെ 4 ഇടങ്ങളിൽ ഇന്നലെ എക്‌സൈസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. എന്നാൽ അന്വേഷണസംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്ന ആളുകൾ കടന്നു കളഞ്ഞു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന 6 പേരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. കൂടാതെ നിലവിൽ കേസിൽ അറസ്‌റ്റിലായ 6 പ്രതികളെ കസ്‌റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് എക്‌സൈസ് സംഘം. ഈ മാസം 24ആം തീയതി ഇവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ എറണാകുളം സെഷൻസ് കോടതി പരിഗണിക്കും. ഒപ്പം തന്നെ കേസിൽ കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് വ്യക്‌തമാക്കി.
Read also: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓണത്തിരക്ക്; ബാണാസുരയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു