കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോസ്‌റ്റ് ഓഫീസിൽ എത്തിയ പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എൽഎസ്‌ഡി സ്‌റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. മെയ് ഒന്നിനാണ് ഡാർക്ക് വെബ് വഴി സ്‌റ്റാമ്പ് ഓർഡർ ചെയ്‌തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഡാർക്ക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്‌കോയിൻ കൈമാറ്റം വഴിയാണ് എൽഎസ്‌ഡി വാങ്ങിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
100 മില്ലിഗ്രാം കൈവശം വെച്ചാൽ 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഞ്ചാവ് കൈവശം വെച്ചതിന് ഇതിന് മുൻപും ശ്രീരാഗിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ജനീഷ് എംഎസ്, പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സുബിൻ എം, ശജേഷ് സികെ, വിഷ്‌ണു എൻസി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: കർണാടകയിൽ സ്‌നേഹം വിജയിച്ചു; വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി