കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. യുവ നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. സംഘടനാ പ്രസിഡണ്ട് മോഹൻലാലിന് സിദ്ദിഖ് ഇ-മെയിൽ വഴി രാജിക്കത്ത് സമർപ്പിച്ചു.
‘എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ’- മോഹൻലാലിന് സിദ്ദിഖ് അയച്ച രാജിക്കത്തിൽ പറയുന്നു.
ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചിരുന്നു. നിലവിൽ ഇദ്ദേഹം ഊട്ടിയിലാണ്. നടൻ സിദ്ദിഖിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് ആണ് ഇന്നലെ രംഗത്തെത്തിയത്. പല സുഹൃത്തുക്കളിൽ നിന്നും സിദ്ദിഖിൽ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.
‘പ്ളസ് ടു കഴിഞ്ഞ സമയത്ത് സാമൂഹികമാദ്ധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞു മസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു’- നടി പറഞ്ഞു.
2019ൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ നിന്ന് മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
Most Read| പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം