ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാരാഷ്‌ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദിൽ സ്‌ഥിരതാമസക്കാരനാണ്. രാജ്‌കുമാർ എന്നാണ് യഥാർഥ പേര്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വിയറ്റ്‌നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ വേഷത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയ രംഗരാജു നിരവധി ചിത്രങ്ങളിൽ സഹനടന്റെ വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്.
നന്ദമുരി ബാലകൃഷ്‌ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ ഗോപിചന്ദിന്റെ യജ്‌ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്. അശോക ചക്രവർത്തി, സ്‌റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേൾ, ഹിറ്റ്ലർ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു. മരണാന്തര ചടങ്ങുകൾ ചെന്നൈയിലാവും നടക്കുക.
Most Read| സമർഥമായ കൊല, പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ല; ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ









































