കൊച്ചി: ടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്‌ജു വാര്യർ അടക്കം നേരത്തെ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കാൻ നിയമ പ്രശ്‌നങ്ങൾ നില നിൽക്കുന്നതിനാൽ അത് പിന്നീട് തീരുമാനിക്കും.
39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നത്. നടി മഞ്‌ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവര്‍ ആദ്യഘട്ട സാക്ഷികളിൽ 3 പേർക്കാണ് സമൻസ് അയക്കാത്തത്. നേരത്തെ പ്രതി ദിലീപിന് തിരിച്ചടിയായി തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചിരുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റേയും ശരത്തിന്റേയും ഹർജി നിരസിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ നീക്കം.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തിയിരുന്നു. ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയെന്നതാണ് കേസ്. മുംബൈയിലെ ലാബിൽ എത്തിച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദൃശ്യങ്ങൾ നീക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദൃശ്യങ്ങൾ ഐപാഡിലാക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച ഈ ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. 112 സാക്ഷിമൊഴികളും 300ലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിട്ടുള്ളത്.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ










































