കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവിധ ഹരജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയാണ് അതിലൊന്ന്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദങ്ങളിൽ ഒന്ന്.
ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളിൽ ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയാണ് കോടതി പരിഗണിക്കുന്ന മറ്റൊരു ഹരജി. വധഭീഷണി കേസിന്റെ തുടരന്വേഷണത്തിൽ ഇത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. വധഭീഷണി കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും ഇന്ന് കോടതി പരിഗണിച്ചേക്കും.
കൂടാതെ ഹൈക്കോടതി അനുവദിച്ച പുതിയ അഞ്ച് സാക്ഷികളിൽ രണ്ട് പേരുടെ വിസ്‌താരം കൂടി ഇന്ന് നടക്കും. ഇതോടെ മൂന്ന് പേരുടെ വിസ്‌താരം പൂർത്തിയാകും. ആകെ 20 ദിവസത്തേക്കാണ് പുതിയ സാക്ഷികളുടെ വിസ്‌താരത്തിന് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.
Read also: വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല, പഞ്ചാബിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു; കെജ്‌രിവാൾ







































