തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെടി നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.
നവീൻ ബാബു ആത്‍മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതിനെ തുടർന്നാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് തന്നെ ക്ഷണിച്ചത് ജില്ലാ കളക്‌ടർ അരുൺ കെ വിജയനാണെന്നാണ് ദിവ്യ കോടതിയിലും പറഞ്ഞത്.
അനൗപചാരികമായാണ് ക്ഷണിച്ചത്. യാത്രയയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണ് കളക്‌ടർ ചോദിച്ചതെന്നും ദിവ്യ പറഞ്ഞു. യോഗത്തിന് വരുമെന്ന് കളക്‌ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്‌ടറാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ കെ വിശ്വൻ മുഖേനയാണ് ദിവ്യ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്.
ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദങ്ങൾ ഉയർത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ഹരജി വിധി പറയാൻ മാറ്റിയത്.
കുറെ ഉത്തരവാദിത്തങ്ങളുള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ആരോപണം ഉയർന്നപ്പോൾ സ്‌ഥാനം രാജിവെച്ചു. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. നവീൻ ബാബുവിനെതിരെ രണ്ടു പരാതി ലഭിച്ചിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ പറഞ്ഞപ്പോൾ ഞെട്ടി.
അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്‌തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്‍മഹത്യക്ക് കാരണമാകുമോ? വിജിലൻസ് ഓഫീസർ പ്രശാന്തന്റെ മൊഴി എടുത്തിട്ടുണ്ട്.
പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്‍മഹത്യ ചെയ്‌തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്‍മഹത്യ ആയിരുന്നില്ല മാർഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. രഹസ്യ യോഗത്തിലാണ്. താൻ പറയുന്നത് എല്ലാവരും അറിയണമെന്ന് കരുതിയാണ് പ്രദേശിക ചാനലിനെ വിളിച്ചത്.
തന്നെക്കുറിച്ചു പറയുന്നത് തെറ്റെങ്കിൽ അവിടെവെച്ച് എതിർക്കാതെ നവീൻ ബാബു എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്‌ത്രീയാണ്. കുടുംബ ഉത്തരവാദിത്തം ഉണ്ടെന്നും അത് പരിഗണിക്കണമെന്നും ദിവ്യ കോടതിയോട് പറഞ്ഞു.
എന്നാൽ, ദിവ്യ നടത്തിയത് വ്യക്‌തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്‌ഥാനത്തുള്ള ഉദ്യോഗസ്‌ഥനാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്‌ടറുടെ മൊഴിയുണ്ട്.
മാദ്ധ്യമങ്ങളെ വിളിച്ചു വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ചു വാങ്ങി. സ്‌റ്റാഫ് കൗൺസിലിന്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്‌ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതു പരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്‌ടറുടെ മൊഴിയുണ്ട്.
പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്‌തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതിയാരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്‌തമാക്കി. കേസിൽ ദിവ്യയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്‌ഥാനത്തിരിക്കുന്ന വ്യക്‌തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്‌ഥരെ ക്രൂശിച്ചാൽ സമൂഹത്തിന്റെ അവസ്‌ഥ എന്താകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































