തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയ്‌ക്ക് മുൻകൂർ ജാമ്യമില്ല. സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി.
കേസിൽ ദിവ്യ മാത്രമാണ് പ്രതി. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണെന്നാണ് കേസ്. ദിവ്യക്കെതിരെ ചുമത്തിയ ആത്‍മഹത്യാ പ്രേരണാക്കുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടക സ്‌റ്റാഫ് കൗൺസിലും ജില്ലാ കളക്‌ടർ അരുൺ കെ വിജയനും ഇക്കാര്യം പോലീസിന് മൊഴി നൽകിയിരുന്നു.
ജാമ്യം നിഷേധിച്ചതോടെ ദിവ്യക്ക് ഹൈക്കോടതിയിൽ ജാമ്യഹരജി നൽകാം. വിധി വരുന്നതുവരെ അറസ്‌റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ഉടൻ അറസ്‌റ്റിലേക്കും കടക്കാം. അറസ്‌റ്റ് ചെയ്‌താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എന്നാൽ, അറസ്‌റ്റിന് മുൻപ് ദിവ്യ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന. അതിനിടെ, വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ സന്തോഷമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.
ഇതിനിടെ, 13 ദിവസമായി ഒളിവിൽ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസ തേടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രക്‌തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിൽസ തേടിയതെന്നാണ് വിവരം. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. ഇന്നലെ കളക്‌ട്രേറ്റിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു.
സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്‌ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കളക്‌ട്രേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ പരസ്യവിചാരണ. പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ നവീൻ ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് പിറ്റേന്ന് രാവിലെ അദ്ദേഹത്തെ കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കൈക്കൂലി നൽകിയെന്ന് പറയുന്നയാൾ സമർപ്പിച്ച രേഖകളിൽ അവ്യക്‌തതയും കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത റിപ്പോർട് സമർപ്പിച്ചിരുന്നു.
പിപി ദിവ്യയെ കൂടുതൽ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഫയലുകൾ വെച്ചുതാമസിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും തള്ളിക്കളയുന്നതാണ് റിപ്പോർട്.
Most Read| രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ







































