കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ഇന്ന് ചോദിച്ചിരുന്നു. കോടതി നിർദ്ദേശിച്ചാൽ അന്വേഷണത്തിന് തയ്യാറാണെന്നാണ് സിബിഐ അറിയിച്ചത്.
എന്നാൽ, ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച സർക്കാർ, അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹരജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമറുപടി ഈ മാസം 12ന് നൽകും.
കേസ് ഏറ്റെടുക്കാൻ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച്, സിബിഐ അന്വേഷണം അവിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാൻ കോടതിക്ക് വ്യക്‌തമായ തെളിവ് വേണം. നവീൻ ബാബുവിന്റെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് ഡയറിയും കോടതി പരിശോധിക്കും.
പോലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്‌ചയില്ലെന്നാണ് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തോട് നൂറുശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ വാദം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. നവീൻ ബാബുവിന്റേത് ആത്‍മഹത്യ അല്ലെന്നും, കൊലപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നത്. സിബിഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!