പിപി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി

രണ്ടാഴ്‌ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌.

By Senior Reporter, Malabar News
pp divya
Ajwa Travels

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. കനത്ത പോലീസ് സുരക്ഷയിലാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്ന് ദിവ്യയെ ജയിലിലെത്തിച്ചത്.

അടുത്ത മാസം 12ആം തീയതി വരെയാണ് ദിവ്യയുടെ റിമാൻഡ് കാലാവധി. അതേസമയം, പിപി ദിവ്യ നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹരജി നൽകും. എന്നാൽ, ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ കേസിൽ കക്ഷിചേരും.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിൽ ദിവ്യക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻ‌കൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ്പ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്‌ഥർക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി.

ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജൻമദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിക്കപ്പെട്ടത്. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻ‌കൂർ ജാമ്യം നൽകുമ്പോൾ കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ചു ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും ഉത്തരവിൽ കോടതി പങ്കുവെച്ചു.

സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്‌ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കളക്‌ട്രേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ പരസ്യവിചാരണ. പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ നവീൻ ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് പിറ്റേന്ന് രാവിലെ അദ്ദേഹത്തെ കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കൈക്കൂലി നൽകിയെന്ന് പറയുന്നയാൾ സമർപ്പിച്ച രേഖകളിൽ അവ്യക്‌തതയും കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത റിപ്പോർട് സമർപ്പിച്ചിരുന്നു.

പിപി ദിവ്യയെ കൂടുതൽ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഫയലുകൾ വെച്ചുതാമസിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും തള്ളിക്കളയുന്നതാണ് റിപ്പോർട്.

Sports News| ബലോൻ ദ് ഓർ പുരസ്‌കാരം റോഡ്രിക്ക്; അയ്‌റ്റാന ബോൺമറ്റി മികച്ച വനിതാ താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE