തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ മഞ്‌ജുഷ രംഗത്ത്. ദിവ്യയ്‌ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും പോലീസ് അവരെ അറസ്‌റ്റ് ചെയ്യണമെന്നും മഞ്‌ജുഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബന്ധുക്കൾ എത്തുന്നതിന് മുൻപേ നവീന്റെ പോസ്‌റ്റുമോർട്ടം നടത്തിയതിൽ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കണം. ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കളക്‌ടർ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കൽ ചാനലിനെക്കൊണ്ട് റെക്കോർഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്‌ഥനായിരുന്നു നവീൻ ബാബു. ഫയൽ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്‌ഥർക്കും അക്കാര്യം അറിയാമായിരുന്നുന്നെന്നും മഞ്‌ജുഷ പറഞ്ഞു.
അതിനിടെ, വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ സന്തോഷമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബത്തിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രതിക്ക് മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തുടക്കം മുതൽ രാഷ്‌ട്രീയ പോരാട്ടമല്ല, നിയമപോരാട്ടമാണ് കുടുംബം നടത്തിയത്. രാഷ്‌ട്രീയ നേതാക്കൾ ഈ വിഷയം സംസാരിച്ചിട്ടില്ല. നിയമം മാത്രമേ നോക്കിയുള്ളൂ. പോലീസിന് ദിവ്യയെ അറസ്‌റ്റ് ചെയ്യാമായിരുന്നു. അറസ്‌റ്റ് ചെയ്യുകയാണ് വേണ്ടതെന്നും സഹോദരൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി അൽപ്പസമയം മുൻപാണ് തള്ളിയത്. കേസിൽ ദിവ്യ മാത്രമാണ് പ്രതി. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണെന്നാണ് കേസ്. ദിവ്യക്കെതിരെ ചുമത്തിയ ആത്‍മഹത്യാ പ്രേരണാക്കുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ