കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതായാണ് സംശയത്തിന് കാരണം.
പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒമ്പതാം തീയതി വൈകിട്ട് മൂന്നുമണിക്കാണ്. ഇക്കാര്യം പരാതി വ്യാജമാണെന്ന വാദത്തിന് ബലം നൽകുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് ആരോപണ വിധേയനായ കണ്ണൂർ കളക്‌ടർ അരുൺ കെ വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. അന്വേഷണ ചുമതല ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്കാണ് കൈമാറിയത്.
അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കാതെ വന്നതാണെന്ന വാദം തള്ളിയാണ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ. ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറയുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നും ദിവ്യ ജാമ്യഹരജിയിൽ പറയുന്നു.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ അച്ചടക്ക നടപടി ഉറപ്പാണെങ്കിലും ഉടൻ ഉണ്ടായേക്കില്ലെന്നാണ് സൂചന. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചക്ക് വന്നേക്കും. പോലീസ് അന്വേഷണത്തിൽ വെളിപ്പെടുന്ന കാര്യങ്ങൾ കൂടി വിലയിരുത്തിയാകും തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം.
Most Read| യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ച് ഹമാസ്