ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായും പൊതു ഇടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്കിൽ അംങ്ങീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്.
21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തൊഴിലിടങ്ങളിലും വീടുകളിലും കുടുംബ കോടതിയിലും വിദ്യാലയങ്ങളിലും കോളേജുകളിലും സര്‍വകലാശാലകളിലും സംരക്ഷണം നല്‍കുന്നതാണ് നിയമം. പൊതുഇടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കാമെങ്കിലും പുകവലി നിരോധിച്ച ഇടങ്ങളില്‍ കഞ്ചാവിനും വിലക്കുണ്ട്.
കഞ്ചാവിന്റെ മണം വന്നു എന്നതുകൊണ്ട് ഒരാളുടെ കാറ് പരിശോധിക്കുന്നതില്‍ നിന്നും നിയമം സംരക്ഷണം നല്‍കുന്നുണ്ട്. മൂന്ന് ഔണ്‍സ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിൽ ആയവര്‍ക്കും നിയമം ഇളവ് നൽകുന്നുണ്ട്. 2019ലെ നിയമം അനുസരിച്ച് കഞ്ചാവ് കേസില്‍ പിടിയിലായവര്‍ക്ക് ഇളവുകള്‍ നല്കാന് ആരംഭിച്ചിരുന്നു.
പ്രായ പൂര്‍ത്തിയായവരില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കുന്ന പതിനാറാമത്തെ സ്റ്റേറ്റാണ് ന്യൂയോര്‍ക്ക്. എന്നാൽ രക്ഷിതാക്കളുടെ സംഘടനകളും റിപ്പബ്ളിക്കന്‍ ജനപ്രതിനിധികളും നിയമത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളില്‍ കഞ്ചാവ് ഉപയോഗം കൂടാന്‍ മാത്രമേ ഈ നിയമ സഹായിക്കൂവെന്നാണ് ഇവരുടെ വാദം.
അതേസമയം പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ വിനോദാവശ്യത്തിനുള്ള കഞ്ചാവ് മാര്‍ക്കറ്റാവും ന്യൂയോര്‍ക്കെന്ന കണക്കുകൂട്ടലാണ് വിദഗ്ധർക്ക് ഉള്ളത്. നാലു വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ വരുമാനം കഞ്ചാവ് വില്പനയിലൂടെ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.
ന്യൂയോര്‍ക്കിന്റെ തീരുമാനം മറ്റ് സ്റ്റേറ്റുകള്‍ക്ക് മാതൃകയാവുമെന്നാണ് കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പറയുന്നത്. സൗത്ത് ഡക്കോട്ടയില്‍ ഇത് സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തില്‍ കഴിയുമ്പോഴാണ് ന്യൂയോര്‍ക്കില്‍ നിയമം പാസാകുന്നത്. കാലിഫോര്‍ണിയയും വിനോദ ആവശ്യത്തിലേക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കിയിരുന്നു.
Also Read: ചെങ്കോട്ടയിലെ ആക്രമണം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും







































