ഹോങ്കോംഗ്: നഗരത്തിൽ നടന്ന ജനാധിപത്യ റാലികളുടെ രണ്ടാം വാർഷികത്തിൽ ഹോങ്കോംഗ് ജനാധിപത്യ പ്രവർത്തകയായ ആഗ്നസ് ചൗവിനെ ശനിയാഴ്ച ജയിലിൽ നിന്ന് മോചിപ്പിച്ചു. 24കാരിയായ ചൗവിനെ കാത്ത് മാദ്ധ്യമങ്ങൾ ജയിലിന് പുറത്ത് നിന്നെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.
ആറുമാസത്തിൽ അധികമായി ജയിലിൽ കഴിഞ്ഞ ചൗവിനെ, ചൈനക്ക് എതിരെ രേഖപ്പെടുത്തിയ വിയോജിപ്പാണ് ജയിലിലേക്ക് നയിച്ചത്. 2019ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ അനധികൃത സമ്മേളനങ്ങൾ നടത്തിയെന്ന കുറ്റമാണ് ചൗവിനെതിരെ സർക്കാർ ചുമത്തിയത്.
ചൗ പുറത്തിറങ്ങുന്നത് നേരത്തെ അറിഞ്ഞ ഒരു കൂട്ടം ജനാധിപത്യ അനുകൂലികൾ ജയിലിന് പുറത്ത് സംഘടിച്ചെങ്കിലും അവരെ പോലീസ് പിരിച്ചുവിട്ടു. ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി ഇവർ പറയുന്നു.
ബെയ്ജിങ്ങിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ വർഷം ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം പാസാക്കിയത്. ഇതിലൂടെ ചൈനീസ് ഭരണകൂടത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങൾ അടിച്ചമർത്തുകയാണ് ലക്ഷ്യമിടുന്നത്.
ജനങ്ങൾക്ക് സമാധാനപരമായ സമരങ്ങൾ നയിക്കുന്നതിന് പോലും ഇവിടെ വിലക്കുണ്ട്. ടിയാനാൻമെൻ വാർഷിക ദിനത്തിൽ വിക്ടോറിയ പാർക്കിൽ നടക്കേണ്ട അനുസ്മരണ പരിപാടികൾക്ക് ഭരണകൂടം അനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായാണ്.
Read Also: മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി









































