മസ്‌കത്ത്: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിവിധ ഇന്ത്യൻ സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്‌കത്ത്- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുന്ന റദ്ദാക്കലുകൾ മാർച്ച് 25 വരെ തുടരും.
മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്‌ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഒമ്പത് സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകളാണ് കൂടുതലായി റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 9,12,15,17,19,20,24,26,27 തീയതികളിൽ കോഴിക്കോട് സർവീസ് ഉണ്ടാകില്ല.
കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുകൾ കുറച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്‌ചയിൽ നാല് സർവീസുകൾ മാത്രമാണുണ്ടാവുക. ആഴ്‌ചയിൽ ആറ് സർവീസുകൾ നടത്തിയിരുന്നത് നാലായി ചുരുക്കി. കൊച്ചിയിലേക്കും ഈ മാസം 17 മുതൽ നാല് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്.
തിരുവനന്തപുരത്തേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 8.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്‌കത്തിൽ എത്തുന്ന വിമാനവും അതേദിവസം മസ്‌കത്തിൽ നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനവും റദ്ദാക്കി. ഇതിന് പുറമെ ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെയുള്ള ഞായറാഴ്‌ചകളിലെ മസ്‌കത്ത്- തിരുവനന്തപുരം സർവീസുകളും ഒഴിവാക്കിയിട്ടുണ്ട്.
മംഗലാപുരം, ചെന്നൈ, തിരുച്ചിറപ്പള്ളി റൂട്ടുകളിലും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പത്, 17 തീയതികളിൽ മംഗലാപുരം, 11 മുതൽ മാർച്ച് 25 വരെ മസ്‌കത്ത്- ചെന്നൈ (ചൊവ്വ), 17 മുതൽ മാർച്ച് 17 വരെ മസ്‌കത്ത്- തിരുച്ചിറപ്പള്ളി (തിങ്കൾ), 24 മുതൽ മാർച്ച് 24 വരെ (ഞായർ, തിങ്കൾ) മസ്‌കത്ത്- മംഗലാപുരം റൂട്ടുകളിലാണ് സർവീസ് റദ്ദാക്കിയത്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്