തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന ക്രൈംബ്രാഞ്ച് സൂചനക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്സാക്ഷി പറഞ്ഞതെന്നും ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും ഇങ്ങനെ ക്രൈംബ്രാഞ്ചിനെ നയിച്ചാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
എകെജി സെന്റർ ആക്രമണം യൂത്ത് കോൺഗ്രസ് പദ്ധതിയാണെന്നും പ്രതി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രെെവറാണെന്നും സംഭവത്തിനു പിന്നാലെ പ്രതിയെ വിദേശത്തേക്കു കടത്തിയെന്നും ക്രൈംബ്രാഞ്ച് വിശദീകരണം സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് കെ സുധാകരൻ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയത്.
‘ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴണ് ഇവർക്ക് പ്രതികളെ മനസിലായത്. ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുതെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കും’ -സുധാകരൻ പറഞ്ഞു. രാഷ്ട്രീയമായി നേരിടും. ഞങ്ങൾ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥ. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ 2022 ജൂൺ 30 വ്യാഴം രാത്രി 11.45നായിരുന്നു ബോംബെറിഞ്ഞ സംഭവം ഉണ്ടായത്. എന്നാൽ, പിന്നീടിത് വീര്യമില്ലാത്ത, ശബ്ദം ഉണ്ടാക്കുന്ന വെറും പടക്കം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ഉൾപ്പെടെയുള്ളവർ സെന്ററിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ഈ കേസിലാണ് വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോൺഗ്രസ് സംഘമാണ് പിന്നിലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്കു പ്രവേശിക്കൂ എന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ







































