ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക് മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈകിയതിനാൽ നടപടിക്രമങ്ങൾ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്‌ഥാന നേതാക്കൾ പോലീസുമായും ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്‌തു.
തുടർന്ന് വിശദീകരണങ്ങളിൽ തൃപ്‌തി രേഖപ്പെടുത്തിക്കൊണ്ട് പോലീസുമായി സഹകരിക്കാനാണ് ബിജെപി സംസ്‌ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകാതിരിക്കാൻ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
പോലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ശവസംസ്‌കാരത്തിന്റെ സമയം തീരുമാനിച്ചത്. എന്നാൽ പോലീസ് മനപ്പൂർവ്വം ഇന്ന് ശവസംസ്‌കാര ചടങ്ങ് അനുവദിക്കാതിരിക്കാൻ പോസ്‌റ്റുമോർട്ടം വൈകിപ്പിക്കുക ആയിരുന്നെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം പോലീസ് നടപടിയോടും ആശുപത്രി അധികൃതരോടും സഹകരിക്കുമെന്നും കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെയായിരിക്കും രഞ്‌ജിത്തിന്റെ മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്‌ക്ക് മുമ്പ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.
Most Read: കെ-റെയിൽ: കണ്ണടച്ച് എതിര്‍ക്കുന്നത് ജാനാധിപത്യമല്ല; ശശി തരൂർ









































