വയനാട്: വിദേശ പൗരന്റെ ഉടമസ്‌ഥതയിൽ ഉണ്ടായിരുന്ന വയനാട് കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് സ്വന്തം. 211 ഏക്കറിലധികം വരുന്ന എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൈസൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഉത്തരവായി. ഇനി റവന്യൂ വകുപ്പിന് എസ്‌റ്റേറ്റ് ഏറ്റെടുക്കാം. മാനന്തവാടി താലൂക്ക് തൃശിലേരി വില്ലേജിലെ 211.76 ഏക്കർ വരുന്നതാണ് ആലത്തൂർ എസ്‌റ്റേറ്റ്.
എസ്റേറ്റിന്റെ ഉടമയായിരുന്ന ബ്രിട്ടീഷ് പൗരൻ എഡ്വിൻ ജൂബർട്ട് വാൻ ഇംഗൻ 2031ൽ മരിച്ചിരുന്നു. തുടർന്ന് അനന്തരാവകാശികൾ ഇല്ലാത്തതിനാൽ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതിനായി വയനാട് ജില്ലാ കളക്‌ടർ ഉത്തരവിടുകയായിരുന്നു. എന്നാൽ ഉത്തരവിനെതിരെ എഡ്വിൻ ജൂബർട്ടിന്റെ ദത്തുപുത്രിയായ മൈസൂർ സ്വദേശി മൈക്കിൾ ഫ്‌ളോയ്‌ഡ് ഈശ്വർ അപ്പീൽ നൽകി. ദത്തുപുത്രിയായ തനിക്ക് എഡ്വിൻ ജൂബർട്ട് വാൻ ഇംഗൻ സമ്മാനമായി നൽകിയതാണ് ആലത്തൂർ എസ്‌റ്റേറ്റ് എന്നായിരുന്നു മൈക്കിൾ ഫ്‌ളോയ്‌ഡ് ഈശ്വറിന്റെ അവകാശ വാദം.
ഇവർ ഈ വിഷയം ഉന്നയിച്ച് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, കോടതി ജില്ലാ കളക്‌ടർ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. എസ്‌റ്റേറ്റ് ഉടമ മരിക്കുമ്പോൾ നിയമപരമായ അന്തരാവകാശികൾ ഇല്ലായിരുന്നെന്നും അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സർക്കാർ വ്യക്‌തമാക്കി. ഇതോടെ ആലത്തൂർ എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ നടപടികളുമായി മുന്നോട്ട് പോകാൻ റവന്യൂ വകുപ്പിന്റെ മുന്നിലുണ്ടായിരുന്ന തടസങ്ങൾ അവസാനിച്ചിരിക്കുകയാണ്.
Most Read: കപൂർത്തലയിലെ ആൾക്കൂട്ടക്കൊല; മതനിന്ദക്ക് തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി







































