ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്തമാക്കി. പണമിടപാട് ആപ്പുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എംപി സുപ്രീം കോടതിയിൽ നല്കിയ ഹരജിയിലാണ് ആര്‍ബിഐയുടെ മറുപടി.
എന്നാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘എസ്ബിഐ യോനോ‘ ഫെഡറൽ ബാങ്കിന്റെ ‘ഫെഡ് മൊബൈൽ‘ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ‘എസ്ഐബി എംപേ‘ ഉൾപ്പടെ രാജ്യത്തെ ബാങ്കുകൾ നൽകുന്ന ആപ്പുകളുടെ കാര്യത്തിൽ ബാങ്കുകൾക്കും ആർബിഐക്കും പൂർണ ഉത്തരവാദിത്തമുണ്ട്. സ്വകാര്യ ആപ്പുകൾ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നതിൽ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം തങ്ങളല്ല കൈകാര്യം ചെയ്യേണ്ടതെന്നും അത് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
പൗരന്മാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാര്‍ഗരേഖയുണ്ടാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണം എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ഹരജിയിലെ സുപ്രധാന ആവശ്യം. പണമിടപാട് ആപ്പുകൾ വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോര്‍പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും പേമെന്റ് സേവനങ്ങള്‍ക്കായി ഗൂഗിള്‍, ആമസോണ്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുന്ന വിവരം മൂന്നാം കക്ഷികൾക്ക് കൈമാറാൻ കഴിയാത്തവിധം നിയമനിർമാണം ആവശ്യമാണെന്നും ബിനോയ് വിശ്വം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങളെയെല്ലാം നിരാകരിച്ചാണ് ആപ്പുകളുടെ സേവനങ്ങളോ അതിലൂടെ കൈമാറ്റം ചെയ്യുന്ന പണത്തിലോ അതിന്റെ സാങ്കേതികതയിലോ അതിലൂടെ കൈകാര്യം ചെയ്യുന്ന വ്യക്തി വിവരങ്ങളിലോ തങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന നിലപാട് ആർബിഐ സ്വീകരിച്ചത്. സ്വകാര്യ ആപ്പുകൾക്ക് റിസര്‍വ് ബാങ്കല്ല അനുമതി നല്‍കുന്നത്. ഇവ നേരിട്ട് റിസര്‍വ് ബാങ്കിന്റെ കീഴില്‍ വരുന്നുമില്ല. പണമിടപാട് ആപ്പുകള്‍ക്ക് അനുമതി നൽകുന്നത് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് എന്നും ആർബിഐ വ്യക്തമാക്കി.

ചുരുക്കത്തിൽ സ്വകാര്യ പണമിടപാട് ആപ്പുകൾ ഉപയോഗിക്കുന്നത് എന്ത് കൊണ്ടും അപകടമാണ്. പണം നഷ്ടമാകുകയോ പണമിടപാട് ആപ്പുകൾ പെട്ടെന്ന് നിറുത്തലാക്കുകയോ അവരുടെ പേരിൽ രാജ്യത്തിന് അകത്ത് നിന്നോ പുറത്ത് നിന്നോ ഏതെങ്കിലും കേസുകളോ മറ്റോ വന്നാലോ ഉപയോഗിക്കുന്ന വ്യക്തി പെട്ടുപോകും എന്നതാണ് ചുരുക്കം.
ഇത്തരം ആപ്പുകൾ പെട്ടെന്ന് നിറുത്തിയാൽ അതിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പണം കിട്ടേണ്ട വ്യക്തിക്ക് കിട്ടിയിട്ടില്ലങ്കിൽ അത് നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ അതാത് ബാങ്കുകളുടെ മൊബൈൽ ബാംങ്കിംഗ് അതുമല്ലങ്കിൽ ബാങ്കുകൾ നൽകുന്ന ആപ്പുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. ഞങ്ങളുടെ സർവീസ് ഉപയോഗിക്കുന്ന വ്യക്തികളുടെയോ കമ്പനികളുടെയോ സ്വാകാര്യവിവിരങ്ങള് ‘പ്രത്യേക ആവശ്യങ്ങള്‍ക്ക്’ മൂന്നാം പാർട്ടിയുമായി പങ്കു വെക്കേണ്ടിവരുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ കയ്യൊഴിയൽ.
Most Read: കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്സോ ചുമത്തരുത്; തമിഴ്നാട് ഹൈക്കോടതി







































