തൃശൂർ: തൃശൂർ അമ്പിളിക്കലയിൽ റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ 6 ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷമീർ അമ്പിളിക്കലയിലെ കോവിഡ് സെന്ററിൽ റിമാൻഡിൽ ഇരിക്കെയാണ് മരിച്ചത്.
ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് മുതൽ അസിസ്‌റ്റന്റ് പ്രിസൺ ഓഫീസർ വരെയുള്ള ഉദ്യോഗസ്‌ഥരെയാണ് അറസ്‌റ്റ് ചെയ്‌തത്. തൃശൂർ ജില്ലാ ജയിലിലെ അസിസ്‌റ്റന്റ് പ്രിസൺ ഓഫീസർ അരുൺ, അസിസ്‌റ്റന്റ് പ്രിസൺ ഓഫീസർമാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുഭാഷ്, അസിസ്‌റ്റന്റ് ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നെന്ന് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ശരീരത്തിൽ 40തിലേറെ മുറിവുകളുണ്ട്. തലക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയ നിലയിലായിരുന്നു. ശരീരത്തിന്റെ പിൻവശത്ത് അടിയേറ്റ് രക്‌തം വാർന്ന് പോയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ച് മരിച്ചത്. കോവിഡ് കേന്ദ്രത്തിൽ ചികിൽസയിലിരിക്കെ ഷമീറിന് അപസ്‌മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റുപ്രതികൾ ഈ വിവരം തള്ളിയിരുന്നു. കോവിഡ് സെന്ററിൽ വെച്ച് ഷമീറിന് മർദ്ദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്‌ഥിതി മനസിലായത്.
Read also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി