മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. നാല് പോലീസ് ഉദ്യോഗസ്‌ഥരെ പ്രതിചേർത്താണ് എഫ്‌ഐആർ സമർപ്പിച്ചത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്‌റ്റിൻ, കൽപ്പകഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യൂ, തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിൻ എന്നിവർ രണ്ടും മൂന്നും നാലും പ്രതികളാണ്.
ഇവർ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പി റോണക് കുമാറാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. ക്രൈം ബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവിൽ പ്രതിചേർത്തത്. കഴിഞ്ഞ മാസം 26ആം തീയതിയാണ് നാല് പോലീസുകാരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ പേർ പ്രതിപട്ടികയിൽ ഉണ്ടാകുമെന്ന് സിബിഐ അറിയിച്ചു. കഴിഞ്ഞ ഓഗസ്‌റ്റ് ഒമ്പതിനാണ് താനൂർ കസ്‌റ്റഡി കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാൽ, ക്രൈം ബ്രാഞ്ച് മാത്രമാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
പോലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്‌തമാക്കി. ഇതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഓഗസ്‌റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പോലീസിന്റെ കസ്‌റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.
അതേസമയം, താനൂർ കസ്‌റ്റഡി മരണ കേസിൽ, ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. നാല് പ്രതികളെ ജയിലിനുള്ളിൽ മർദ്ദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം പോലീസ് പിടികൂടിയതാണ് മറ്റു നാലുപേരെയും.
Most Read| ‘കാനഡയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുക’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്