മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ, ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി. നാല് പ്രതികളെ ജയിലിനുള്ളിൽ മർദ്ദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം പോലീസ് പിടികൂടിയതാണ് മറ്റു നാലുപേരെയും. നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ താനൂർ കസ്‌റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 26ആം തീയതിയാണ് നാല് പോലീസുകാരെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്‌റ്റിൻ, കൽപ്പകഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യൂ, തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിൻ എന്നിവർ രണ്ടും മൂന്നും നാലും പ്രതികളാണ്.
താനൂർ കസ്‌റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട് തേടിയിരുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് സിബിഐ കേസ് ഏറ്റെടുക്കണമെന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.
Most Read| ആനക്കൊമ്പ് കേസ്; തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി