തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മൽസരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് അദ്ദേഹം പറഞ്ഞു. ഇടതു-വലതു സർക്കാരുകൾ അഴിമതിക്കാരാണ്. എക്‌സാലോജിക്ക് അഴിമതി, സഹകരണബാങ്ക് അഴിമതി, പിപിഇ കിറ്റ് അഴിമതി എന്നിവ ഇടതു സർക്കാരിന്റേതാണ്.
സർക്കാർ സ്‌പോൺസേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വർണക്കടത്ത്. യുഡിഎഫും അവസരം കിട്ടിയപ്പോൾ അഴിമതി നടത്തി. എന്നാൽ, മോദി സർക്കാർ 11 വർഷം പിന്നിടിമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. വികസിത കേരളം എന്നത് നരേന്ദ്രമോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാൻ കഴിയില്ല. പിഎഫ്ഐ പിഎഫ്ഐ പടർന്ന് പന്തലിച്ചപ്പോൾ പ്രധാനമന്ത്രി ശക്‌തമായ നടപടി സ്വീകരിച്ച് ദേശവിരുദ്ധ ശക്‌തികളെ ജയിലിൽ അടച്ചെന്നും അമിത് ഷാ പറഞ്ഞു.
വിദേശത്ത് ചികിൽസയ്‌ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. വിദേശത്തുള്ള മുഖ്യമന്ത്രി ബിജെപിയുടെ വലിയ പരിപാടി തിരുവനന്തപുരത്ത് നടക്കുകയാണെന്ന് മനസിലാക്കണം. മന്നത്ത് പത്‌മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തിൽ എൻഡിഎ ഭരണം സ്‌ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ