ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. നോർത്ത് ബ്ളോക്കിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി മനോജ് പാണ്ഡെയും പങ്കെടുക്കും.
ജമ്മു കശ്‌മീരിൽ സുരക്ഷ ശക്‌തമാക്കാനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ജമ്മുവിലെ സുരക്ഷാ സാഹചര്യം, രാജ്യാന്തര അതിർത്തിയിലെയും നിയന്ത്രണ രേഖയിലെയും സേനാവിന്യാസം, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, ഭീകരവിരുദ്ധ നടപടികൾ, ഭീകരസംഘടനകളുടെ ആൾബലം തുടങ്ങിയ വിവരങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. ജൂൺ 29ന് തുടങ്ങാനിരിക്കുന്ന അമർനാഥ് തീർഥാടനത്തിന്റെ തയ്യാറെടുപ്പുകളും അമിത് ഷാ പരിശോധിക്കും.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ജമ്മു കശ്‌മീർ ലഫ്. ജനറൽ മനോജ് സിൻഹ, നിയുക്‌ത കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി തപൻ ഡേക്ക, സിആർപിഎഫ് ഡയറക്‌ടർ ജനറൽ അനിഷ് ദയാൽ സിങ്, ജമ്മു പോലീസ് ഡിജിപി ആർ സ്വൈൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഒരാഴ്‌ചക്കിടെ നാലുതവണയാണ് കശ്‌മീരിൽ ഭീകരാക്രമണം ഉണ്ടായത്. ഇതിൽ ഒമ്പത് തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ