കണ്ണൂർ: പയ്യന്നൂരിൽ ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-മെഡിക്കൽ കോളേജ് റോഡിൽ തുമ്പോട്ടയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞു താണത്. കഴിഞ്ഞ ആഴ്‌ചയായിരുന്നു റോഡിൻറെ ടാറിങ് പൂർത്തിയായത്.
ഒരാൾ പൊക്കത്തിലുള്ള കുഴിക്ക് ഒരു മീറ്ററിലധികം വിസ്‌തൃതിയുണ്ട്. ഗർത്തം രൂപപ്പെട്ടയുടൻ നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അറിയാതെ ഇതുവഴി വാഹനങ്ങൾ എത്തിയിരുന്നെങ്കിൽ കുഴിയിലേക്ക് താഴുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നാട്ടുകാർ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിച്ച് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
അപ്രതീക്ഷിതമായി റോഡിൽ ഗർത്തം രൂപപെട്ടതോടെ നാട്ടുകാരും ഭീതിയിലാണ്. റോഡിന്റെ മറ്റ് ഭാഗങ്ങളിലും ഇതുപോലെ ഗർത്തങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഭൂമിക്കടിയിലെ പൈപ്പിങ് പ്രതിഭാസത്തിന്റെ രീതിയിലാണ് ഗർത്തം പ്രത്യേക്ഷപ്പെട്ടതെന്നാണ് വിവരം. റോഡിൻറെ സമീപത്തായി വീടുകളും മറ്റും ഉള്ളതിനാൽ സംഭവത്തിൽ വിദഗ്‌ധ പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Most Read: നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ








































