മുംബൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി. അൻമോലിനെ ഇന്ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം. എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖിയെ (66) നഗരമധ്യത്തിൽ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനെന്ന് കരുതുന്ന ആളാണ് അൻമോൽ.
അൻമോലിനെ നാടുകടത്തിയ വിവരം യുഎസ് അധികൃതർ ബാബാ സിദ്ദിഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ-മെയിലിന്റെ സ്‍ക്രീൻഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അൻമോൽ നേപ്പാൾ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് യുഎസിലെത്തിയത്. നവംബറിൽ അറസ്‌റ്റിലായി. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. പ്രത്യേക പോലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ സിദ്ദിഖി ബാന്ദ്രയിൽ മകന്റെ ഓഫീസിന് മുന്നിൽ നിന്ന് കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നുപേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.
Most Read| വടകര വാഹനാപകടം; ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്








































