മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ആണെന്ന് മുംബൈ പോലീസ്. പിടിയിലായ മറ്റ് പ്രതികൾക്ക് അൻമോൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും പോലീസ് പ്രത്യേക കോടതിയെ അറിയിച്ചു.
അടുത്തിടെ യുഎസിൽ പിടിയിലായ അൻമോലിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്‌ണോയി സംഘാംഗം ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നു. പിന്നാലെയാണ് അന്വേഷണം ബിഷ്‌ണോയി സംഘങ്ങളിലേക്ക് നീണ്ടത്.
ബാബ സിദ്ദിഖിക്ക് നേരെ വെടിയുതിർത്ത ശിവകുമാർ ഗൗതം അടക്കമുള്ള എട്ട് പ്രതികളെ കോടതി ഏഴുവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഒക്‌ടോബർ 12ന് മകനും മുൻ എംഎൽഎയുമായ ഷീസാന്റെ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിടെയാണ് ബാബ സിദ്ദിഖിക്ക് നേരെ മൂന്നംഗ സംഘം വെടിയുതിർത്തത്. തുടർന്ന് രണ്ടുപേർ പിടിയിലായെങ്കിലും വെടിയുതിർത്ത ശിവകുമാർ ഗൗതം കടന്നുകളഞ്ഞിരുന്നു.
പിന്നീട് യുപിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഇതുവരെ 26 പ്രതികൾ അറസ്‌റ്റിലായി. മൂന്നുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. നടൻ സൽമാൻ ഖാനുമായും ഡി കമ്പനിയുമായും ബാബ സിദ്ദിഖിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത്തരക്കാർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നുമാണ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഷ്‌ണോയി സംഘം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്.
അവരുമായി ബന്ധമുള്ളവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സൽമാന്റെ വസതിയായ ഗാലക്‌സി അപ്പാർട്മെന്റിന് നേരെയും സംഘം വെടിയുതിർത്തിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ വധിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ലോറൻസ് ബിഷ്‌ണോയി സംഘം തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ ഒട്ടെറെ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരാണ്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു