മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും.
താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിലാണ് കാംപയിൻ നടന്നുവരുന്നത്. എൻഎസ്‌എസ് യൂണിറ്റുകളുടെയും വിവിധ വനിതാ സമിതികളുടെയും സഹകരണത്തോടെ, കഴിഞ്ഞ 25 ദിവസമായി നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാമ്പസ് തല കാംപയിൻ നാളെ (വ്യാഴം) കടകശ്ശേരി ഐഡിയൽ കോളേജിലാണ് സമാപിക്കുന്നത്.
‘സ്‌ത്രീധനം വെടിഞ്ഞ് സ്‌ത്രീ വിജയം നേടുക‘ എന്ന സന്ദേശം പ്രമേയമാക്കിയ കാംപയിൻ സ്‌ത്രീധന വിരുദ്ധ ദിനമായ നവംബർ 26നാണ് ആരംഭിച്ചത്. താലൂക്കിലെ മുഴുവൻ കോളേജ് കാമ്പസുകളിലും സംഘടിപ്പിച്ച കാംപയിനിൽ ബോധവൽക്കരണ ക്ളാസുകൾ, ലഘുലേഖ വിതരണം, സ്‌ത്രീധന വിരുദ്ധ പ്രതിജ്‌ഞ, പ്രസംഗ-പ്രബന്ധ മൽസരം, കലാപരിപാടികൾ എന്നിവ നടന്നു.
സ്‌ത്രീധന വിരുദ്ധ സന്ദേശം ഉയർത്തി നടത്തിയ വിവിധ മൽസരങ്ങളിലെ കോളേജ് തല വിജയികളായ വിദ്യാർഥികൾ, നാളെ സമാപന സമ്മേളനം നടക്കുന്ന കടകശ്ശേരി ഐഡിയൽ കോളേജിൽ 22ന് കാലത്ത് 10 മണി മുതൽ താലൂക്ക് തല മൽസരങ്ങളിൽ പങ്കെടുക്കും.
ഉച്ചക്ക് 1 മണിക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം മധുപാൽ ഉൽഘാടനം ചെയ്യും. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിപി നസീറ മുഖ്യാതിഥി ആയിരിക്കും. വിവിധ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
Most Read: സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി