കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ (എൻപിപി) അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലിൽ ജനത വിമുക്തി പെരുമന (ജെവിപി) നേതാവായ ദിസനായകെ 42.32 വോട്ടും സമാഗി ജന ബാലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ 32.74 ശതമാനം വോട്ടും നേടി. നിലവിലെ പ്രസിഡണ്ട് റനിൽ വിക്രമസിംഗെ 17.26% വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘത്തിൽ നേടിയത്.
മൂന്ന് സ്ഥാനാർഥികളുള്ള സാഹചര്യത്തിൽ, ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. 2022 കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ സർക്കാർ വീഴുകയും പ്രസിഡണ്ട് ഗോട്ടബയ രാജപക്സെ നാടുവിടുകയും ചെയ്ത ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പാണിത്.
ദിസനായകെയുടെ നേതൃത്വത്തിലുള്ള അരഗലയ മൂവ്മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് ജെവിപിയുടെയും ദിസനായകെയെയുടെയും ജനപ്രീതി കുത്തനെ ഉയർന്നിരുന്നു. അഴിമതി തുടച്ചുനീക്കും, സ്വകാര്യവൽക്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കും തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കൻ ജനതയ്ക്ക് നൽകിയത്.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള തംബുട്ടെഗാമയിലാണ് ദിസനായകെയുടെ ജനനം. ഇവിടെ നിന്ന് ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ. കെലനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരുമുനയിൽ അംഗമായി.
1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ നേടിയ ദിസനായകെ 2000ത്തിൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവെച്ചു. 2014ൽ ജെവിപിയുടെ നേതാവായി. 2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. അന്ന് വെറും മൂന്ന് ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും