കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ വോട്ട് ചെയ്‌തത് 20.04 ശതമാനം പേരാണ്.
കാസർഗോഡ് ജില്ലയിൽ 20.04, കണ്ണൂർ- 20.99%, കോഴിക്കോട്- 20.35%, മലപ്പുറം- 21.26% എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ അനുഭവപ്പെടുന്നത്.
കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മുൻകരുതലുകളോടെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയവ നിർബന്ധമാണ്. പോളിംഗ് സ്‌റ്റേഷനുകളിൽ സാനിറ്റൈസർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്.
മലപ്പുറം, കാസർഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളിൽ സുരക്ഷ ശക്‌തമാണ്. മറ്റ് സ്‌ഥലങ്ങളിലെ പോളിംഗ് ബൂത്തുകളിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെ ഡ്യൂട്ടിക്കായി നിയോഗിച്ചപ്പോൾ ഇവിടങ്ങളിൽ ഓഫീസറടക്കം നിരവധി പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
അതേസമയം, കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി.
Also Read: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകും; കോടിയേരി