തിരുവനന്തപുരം: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളം മുഴുവൻ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്.
ഭാരത് ബെൻസിന്റെ 12 വീലുള്ള ലോറിയിൽ തടിയുമായി കേരളത്തിലേക്ക് വരുമ്പോഴാണ് മുകളിലേക് മണ്ണിടിഞ്ഞു വീണത്. ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽ നിന്ന് കാണിക്കുന്നതും മൊബൈൽ ഫോൺ ഇടയ്‌ക്കിടെ ഓൺ ആകുന്നതും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്. സൈന്യം ഇന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതോടെ അർജുന്റെ കുടുംബവും സുഹൃത്തുക്കളും ആൽമവിശ്വാസത്തിലാണ്.
വാഹനത്തിന്റെ ബാറ്ററി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജിപിഎസ് ലൊക്കേഷൻ കാണിക്കുമെന്ന് വാഹനമേഖലയിൽ ഉള്ളവർ പറയുന്നു. ലോറിയുടെ കാബിൻ ആധുനിക രീതിയിലുള്ളതാണ്. ഉള്ളിൽ നല്ല സ്‌ഥല സൗകര്യമുണ്ട്. മണ്ണും ചെളിയും മൂടിയാൽ വാഹനം സ്‌റ്റാർട്ട് ചെയ്യാൻ സാധാരണ നിലയിൽ കഴിയില്ല. രാജ്യാന്തര നിലവാരത്തിലുള്ള ശക്‌തിയുള്ള കാബിനാണ്.
ക്രാഷ് ടെസ്‌റ്റിങ് നടത്തിയ കാബിനായതിനാൽ അതിന്റേതായ ഗുണമുണ്ട്. മണ്ണ് വന്നു മൂടിയാൽ കാബിൻ തകരില്ല. മലയിടിഞ്ഞപ്പോൾ എത്ര ശക്‌തിയിലാണ് മണ്ണ് വീണതെന്നോ പാറകൾ ഉണ്ടായിരുന്നോ എന്നുള്ള കാര്യം വ്യക്‌തമല്ല. ഇഗ്നിഷ്യൻ ഒന്നാണെങ്കിലും എസി കിട്ടില്ല. എസി കിട്ടണമെങ്കിൽ വാഹനം ഓണാകണം. കാബിനിലെ ഓക്‌സിജന്റെ അളവ് പ്രധാനമാണെന്നും വിദഗ്‌ധർ പറയുന്നു.
വാഹനത്തിൽ വെള്ളം ഉണ്ടായിരുന്നതും പ്രതീക്ഷ നൽകുന്നു. വീട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് കർണാടക അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ലോറി ഉടമയും അർജുന്റെ തിരിച്ചുവരവ് കാത്ത് ഷിരൂരിലുണ്ട്. അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ 8.30ന് ആയിരുന്നു അപകടം.
Most Read| കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല