കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്‌ജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം.
അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് സെയ്‌ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുക. കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു.
ഡ്രഡ്‌ജർ എത്തിക്കാനുള്ള കാലതാമസം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്‌ജിങ് നടത്താതെ തിരച്ചിൽ സാധ്യമാകില്ല. ഡ്രഡ്‌ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ളുസിസി