കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ളുസിസി). ഫേസ്ബുക്ക് വഴിയാണ് ഡബ്ളുസിസിയുടെ പ്രതികരണം. ”പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം” എന്നാണ് ഫേസ്ബുക്ക് പോസ്‌റ്റ്.
നീതിയുടെയും ആത്‌മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതു വിപ്ളവം സൃഷ്‌ടിക്കാമെന്നും ഡബ്ളുസിസി പറയുന്നു. ലൈംഗികാരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്‌ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനവും നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നായിരുന്നു സിദ്ദിഖിന്റെ രാജി.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്‌ജിത്തും രാജിവെച്ചു. പിന്നാലെ, അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജിന് നേർക്കും ലൈംഗികാരോപണം ഉയർന്നതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നുപോയത്. വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയത് അമ്മയിൽ ഭിന്നത മറനീക്കി പുറത്തുവന്നതിന് ഉദാഹരണമായി. അമ്മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവെന്ന് നടൻ പൃഥ്‌വിരാജും കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
‘അമ്മ’ ഭരണസമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണസമിതിയുടെ രാജിയെന്ന് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെച്ച മോഹൻലാലിന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ നിലവിലെ ഭരണസമിതി തുടരുമെന്നും മോഹൻലാൽ രാജിക്കത്തിൽ പറയുന്നു.
Most Read| ഡെൽഹി മദ്യനയ അഴിമതിക്കേസ്; അഞ്ചുമാസത്തിന് ശേഷം കെ കവിതക്ക് ജാമ്യം