ജയ്‌പുർ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി. ഭൂപടത്തിൽ സ്‌ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്‌ഥാന് നൽകിയ മുന്നറിയിപ്പ്.
രാജസ്‌ഥാനിൽ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്‌ഥാന്റെ നീക്കങ്ങൾക്ക് ശക്‌തമായ മുന്നറിയിപ്പ് നൽകിയത്. ഭീകരത കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാക്കിസ്‌ഥാൻ വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ല. ഓപ്പറേഷൻ സിന്ദൂർ 1.0ൽ ഉണ്ടായിരുന്ന സംയമനം ഇനി ഞങ്ങൾ പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവം ആഗ്രഹിക്കുണ്ടെങ്കിൽ നിങ്ങൾക്ക് ഉടൻ ഒരു അവസരം ലഭിച്ചേക്കുമെന്നും തയ്യാറായി ഇരിക്കാനും സൈനികരോട് കരസേനാ മേധാവി ആവശ്യപ്പെട്ടു. അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന്റെ എഫ്-16, ജെഎഫ്-17 ഉൾപ്പടെ 10 യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപി സിങ് പറഞ്ഞിരുന്നു.
കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്‌ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും വ്യോമസേനാ മേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി