ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്ന് ഡെൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ രാംലീല മൈതാനത്ത് നടക്കുന്ന റാലിയിൽ 28 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് എതിരേയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തി കേന്ദ്രീകൃതമാക്കാതെ സഖ്യത്തെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്ക് പിന്നീട് നേതാക്കളെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പടെ ഇന്ത്യ സഖ്യത്തിലെ മറ്റു ഒട്ടേറെ നേതാക്കളും ജയിലിലാണ്.
അതേസമയം, റാലി കെജ്രിവാളിന്റെ അറസ്റ്റിനെതിരെ തന്നെയാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് കോൺഗ്രസിനെ അറിയിച്ചു. ജനവികാരം തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്നും അദ്ദേഹം അറിയിച്ചു. സുനിത കെജ്രിവാൾ റാലിയിൽ പങ്കെടുക്കുമെന്നും അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വായിക്കുമെന്നും എഎപി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു.
മഹാറാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. മൈതാനത്തേക്ക് കടക്കുന്നതിനായി പോലീസ് ഏഴ് കവാടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം വിഐപികൾക്കും ഒരെണ്ണം മാദ്ധ്യമ പ്രവർത്തകർക്കും വേണ്ടിയാണ്. ട്രാക്ടറുകൾ എത്തിക്കരുത്, മാർച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് പോലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്.
20,000 പേർക്കാണ് അനുമതി നൽകിയതെങ്കിലും 30,000ലധികം ആളുകൾ എത്തുമെന്ന് പോലീസ് തന്നെ പറയുന്നു. എന്നാൽ, ഒരുലക്ഷത്തിലേറെ ആളുകൾ എത്തുമെന്നാണ് ആംആദ്മി പാർട്ടി പറഞ്ഞത്. ബിജെപി, എഎപി, സിപിഎം എന്നിവയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ദീൻദയാൽ ഉപാധ്യായ മാർഗിൽ 144 പ്രഖ്യാപിച്ചു. രാംലീല മൈതാനത്തിന് പുറത്തേക്ക് റാലി അനുവദിക്കില്ല. നിബന്ധനകൾ ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!








































