ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്‌റ്റിൽ. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നാണ് ബൈഭവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിവിൽ ലൈൻ പോലീസ് സ്‌റ്റേഷനിലാണ് പോലീസ് ബൈഭവിനെ എത്തിച്ചിരിക്കുന്നത്.
കെജ്‌രിവാൾ ബൈഭവിനെ സംരക്ഷിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അതിനിടെയാണ് സിവിൽ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ബൈഭവ് പിടിയിലാകുന്നത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ലഖ്‌നൗവിൽ നടക്കുന്ന ഇന്ത്യ സംഖ്യത്തിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ കെജ്‌രിവാളിനും സഞ്‌ജയ് സിങ് എംപിക്കൊപ്പം തിരിച്ച ബൈഭവ് വിവാദങ്ങളെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.
ബൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞു പോലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കെജ്‌രിവാളിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽ തന്നെയുള്ള ഓഫീസ് മുറിയിൽ ബൈഭവ് ഒളിവിൽ കഴിയുന്നുവെന്നായിരുന്നു വിവരം. തുടർന്ന് വൻ പോലീസ് സംഘം സ്‌ഥലത്തെത്തി ബൈഭവിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
മേയ് 13ന് കെജ്‌രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി അക്രമിച്ചെന്നാണ് സ്വാതി മലിവാൾ എംപി പരാതി നൽകിയത്. കെജ്‌രിവാളിനെ കാത്ത് സ്വീകരണ മുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേക്ക് വന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു.
സ്വീകരണ മുറിയുടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നു. മർദ്ദിക്കരുതെന്ന് പറഞ്ഞപ്പോൾ ബൈഭവ് മർദ്ദനം തുടരുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന മറ്റു ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്‌തമാക്കുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.
സംഭവത്തിൽ ബൈഭവിനെ സംരക്ഷിക്കുന്ന തരത്തിലും സ്വാതിയെ തള്ളിപ്പറയുന്ന തരത്തിലുമാണ് ആംആദ്‌മി പാർട്ടി നിലപാടെടുത്തത്. സ്വാതിയുടെ ആരോപണത്തിന് പിന്നിൽ ബിജെപി ആണെന്നായിരുന്നു എഎപിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിരുന്നു.
Most Read| വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം; കിർഗിസ്‌ഥാനിലെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ