ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ(എൻസിബി). ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻസിബി ഷാരൂഖിന്റെ ഡ്രൈവറായ രാജേഷ് മിശ്രക്ക് നോട്ടീസ് അയച്ചിരുന്നു. ഇത് പ്രകാരമാണ് അദ്ദേഹം മുംബൈയിലെ എൻസിബി ഓഫിസിലെത്തിയത്.
ലഹരിപാർട്ടിയിൽ പങ്കെടുക്കുന്നതിനായി ആര്യൻ ഖാൻ കപ്പലിലേക്ക് പോയ കാർ ഓടിച്ചത് രാജേഷ് മിശ്രയാണെന്നാണ് എൻസിബിയുടെ നിഗമനം. ഇതേ തുടർന്നാണ് ഇപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ജയിലിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചതും, ജയിലിലേക്ക് അയച്ചതും. ഇതേ തുടർന്ന് ആര്യൻ ഖാനും ഒപ്പം അറസ്റ്റിലായ 5 പേരുമാണ് നിലവിൽ ആർതർ റോഡ് ജയിലിൽ കഴിയുന്നത്. എൻസിബി കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കോടതി ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി.
Read also: ‘സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്, കോടതി പരിശോധിക്കണം’; കോടിയേരി