താനൂർ: എസ്വൈഎസിന്റെ കരുതൽ താനൂർ കടപ്പുറത്തെ ദരിദ്ര ജീവിതങ്ങളിലേക്കും ആശ്വാസമായെത്തി. 7 കുടുംബങ്ങൾക്കാണ് ഇന്നലെ എസ്വൈഎസ് നേതൃത്വത്തിൽ മൽസ്യബന്ധന വള്ളങ്ങൾ നൽകിയത്.
താനൂരിലെ കടൽ തൊഴിലാളികളായ ഹംസക്കോയയുടെയും അശ്റഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളം. ഇത്രയും കാലത്തെ ജോലിയിൽ നിന്ന് ആ സ്വപ്നം പൂർത്തീകരിക്കാൻ ആവശ്യമായതൊന്നും മാറ്റിവെക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. വലിയ വള്ളങ്ങളിൽ തൊഴിലാളികളായി പോവുകയായിരുന്ന ഇരുവരുടെയും സ്വപ്നത്തിന് എന്നും ഓരോരോ ആവശ്യങ്ങൾ തടസമായി നിന്നപ്പോഴാണ് എസ്വൈഎസ് ആശ്വാസമായി എത്തുന്നത്.
പാവപ്പെട്ട മൽസ്യ തൊഴിലാളികൾക്ക് മർകസ് വള്ളങ്ങൾ നൽകുന്നുവെന്ന വിവരം അറിഞ്ഞാണ് ഇരുവരും എസ്വൈഎസ് സാന്ത്വനം മുഖേന അപേക്ഷ കൈമാറിയത്. ഇന്നലെ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ എപി അബ്ദുൽ ഹകീം അസ്ഹരി വള്ളങ്ങൾ കൈമാറിയതോടെ നിറഞ്ഞ സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്ത്. ചാപ്പപ്പടി കടപ്പുറത്ത് നടന്ന ചടങ്ങിൽ പരപ്പനങ്ങാടി ഭാഗത്തുള്ള 5 കുടുംബങ്ങൾക്ക് കൂടി എസ്വൈഎസ് നേതൃത്വത്തിലുള്ള വള്ളങ്ങൾ കൈമാറി.
‘സ്വയംപര്യാപത സമൂഹം’ എന്ന മർകസ് പദ്ധതിയുടെ ഭാഗമായാണ് അഞ്ചു ലക്ഷം രൂപ വരുന്ന വള്ളങ്ങൾ കൈമാറിയത്. തീരപ്രദേശങ്ങളിൽ ജീവിക്കുന്ന കടൽ തൊഴിലാളികളിൽ അധികവും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകളാണെന്നും അത്തരം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വയം പര്യാപ്തരാക്കി മാറ്റുകയെന്നത് മർകസ് ലക്ഷ്യമാണെന്നും ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

എസ്വൈഎസ് മലപ്പുറം വെസ്ററ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ധീൻ ജീലാനിയാണ് വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. താനൂർ സിഐ പി പ്രമോദ്, റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മാനേജർ റഷീദ് പുന്നശ്ശേരി, മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ അഡ്വ. മുഹമ്മദ് ശരീഫ്, എസ്വൈഎസ് മലപ്പുറം വെസ്ററ് ജില്ലാ വൈസ് പ്രസിഡണ്ട് എൻവി അബ്ദുറസാഖ് സഖാഫി, എസ്വൈഎസ് താനൂർ സോൺ പ്രസിഡണ്ട് കുഞ്ഞു മോൻ അഹ്സനി,എസ്വൈഎസ് താനൂർ വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Most Read: തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍