വടകര: പുതുപ്പണത്തെ വാടക വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സ്ത്രീകൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ആക്രമണം നടത്തുന്നതറിഞ്ഞ് എത്തിയ വീട്ടുടമക്കും മകനും അയൽവാസിക്കുമാണ് പരിക്കേറ്റത്. പുതുപ്പണം കൊക്കഞ്ഞാത്ത് കുനിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.
അക്രമികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമി സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ആക്രമികൾ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബഹളം കൂട്ടിയപ്പോഴാണ് മറ്റുള്ളവർ സ്ഥലത്തെത്തിയത്. തുടർന്ന് പട്ടികയും മരക്കഷ്ണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടുടമ എലിയന്റെവിട സുഗുണൻ, മകൻ അമൽ, അയൽവാസി ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്.
സുഗുണൻ തലകറങ്ങി വീണിട്ടും മർദ്ദനം തുടർന്നതായാണ് വിവരം. അമലിന്റെയും ബാബുവിന്റെയും എല്ലൊടിയുകയും തലക്കും ദേഹത്തും മുറിവും പറ്റുകയും ചെയ്തിട്ടണ്ട്. അമലിന്റെ തോൾ താഴ്ന്ന് പോയി. സുഗുണന്റെ കണ്ണിനും തലക്കും ചെവിക്കും ദേഹത്തുമാണ് പരിക്ക്. ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: റഷ്യൻ ഷെല്ലാക്രമണം; നവീനിന്റെ വേർപാടിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി







































