തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്യുന്നത് നഡ്ഡയാണ്.
എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. നഡ്ഡയോടെ വരവോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നഡ്ഡ പങ്കെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുകാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും പങ്കെടുക്കും.
നാളെ തിരുവനന്തപുരത്ത് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും നഡ്ഡ ആശയ വിനിമയം നടത്തും.
Read Also: കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ