തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്. നിയമസഭാ സമ്മേളനം വെള്ളിയാഴ്‌ച തുടങ്ങാനിരിക്കെ, വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധത്തിന് തിരികൊളുത്തുമെന്ന് വിലയിരുത്തിയാണ് തീരുമാനം.
അജിത് കുമാറിനൊപ്പം മറ്റ് എഡിജിപിമാർക്കും സ്‌ഥാനമാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അജിത് കുമാറിനെ ഭരണപരമായ സൗകര്യമെന്ന സാങ്കേതികത്വം പറഞ്ഞു മറ്റൊരു ചുമതലയിലേക്ക് നീക്കിയാൽ മതിയെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്. അജിത് കുമാറിന് പകരം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് ചുമതല നൽകിയേക്കും. മനോജ് ഏബ്രഹാമാണ് ഇന്റലിജൻസ് എഡിജിപി.
പിവി അൻവർ ഉന്നയിച്ച പരാതിയിൽ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട് നൽകണമെന്നായിരുന്നു നിർദ്ദേശം. വ്യാഴാഴ്‌ചയോടെ ഒരുമാസം പൂർത്തിയാകും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ ആഴ്‌ചയോടെ റിപ്പോർട് നൽകും. അന്വേഷണ റിപ്പോർട് വന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്, ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ കൈവശമുണ്ട്. ഇതിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിച്ചു അത് കഴിയുന്നത് വരെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിലനിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട് തള്ളിയ ഡിജിപി, എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന തരത്തിലാണ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട് നൽകിയത്. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Most Read| സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്