കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനി കുമാർ വധക്കേസിലെ മൂന്നാംപ്രതി എംവി മർഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 പ്രതികളിൽ 13 പേരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു. ജസ്‌റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി. 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.
കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കായുള്ള ശിക്ഷയിൽ ഈ മാസം 14ന് വിധി പറയും. 2005 മാർച്ച് പത്തിന് രാവിലെ 10.15ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വെച്ചാണ് അശ്വിനി കുമാറിനെ ഒരുസംഘം ആക്രമിച്ചത്. അഞ്ചുപ്രതികൾ ഇതേ ബസിൽ യാത്ര ചെയ്‌തിരുന്നു.
മറ്റു യാത്രക്കാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റു പ്രതികൾ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പിൽ സംഘം രക്ഷപ്പെടുകയും ചെയ്‌തു. 2005 ഫെബ്രുവരി 21ന് ചാവശ്ശേരി വെളിയമ്പ്ര പഴശ്ശി ഡാമിന് അടുത്തുള്ള തോട്ടത്തിൽ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.
2009 ജൂലൈ 31ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തെ ഒന്നാം പ്രതി അസീസ് നാറാത്തിനെ ആയുധപരിശീലന കേസിൽ കോടതി ശിക്ഷിച്ചിരുന്നു. പത്താം പ്രതി യാക്കൂബും 12ആം പ്രതി ബഷീറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
ശിവപുരം വെമ്പടിയിലെ പുതിയ വീട്ടിൽ അസീസ്, മയ്യിൽ കണിയാറക്കൽ തെയ്‌ത്തും വളപ്പിൽ നൂഹുൽ അമീൻ, ചാവശ്ശേരിയിലെ പിഎം സിറാജ്, ശിവപുരം സിപി ഉമ്മർ, ഉളിയിലെ എംകെ യൂനുസ്, ഉളിയിലെ ആർകെ അലി, ചാവശ്ശേരിയിലെ പികെ ഷമീർ, കൊളാരിയിലെ കെ നൗഫൽ, പായത്തെ ടി യാക്കൂബ്, ഉളിയിൽ നാരയമ്പാറയിലെ മുസ്‌തഫ, പുന്നാട്ടെ വൈയ്യപ്പുറത്ത് ബഷീർ, ഇരിക്കൂറിലെ കെ ഷമ്മാസ്, ഇരിക്കൂറിലെ കെ ഷാനവാസ് എന്നിവരെയാണ് ഇന്ന് കോടതി വെറുതെവിട്ടത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ







































