പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത് നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്. രാത്രി 12 മണിയോടെ ആയിരുന്നു ആക്രമണം.
പ്രദേശത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ പോലീസ് അക്‌ബറുമായി സ്‌റ്റേഷനിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് എതിർവിഭാഗത്തുള്ളവർ ആക്രമിച്ചത്. അക്‌ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു സംഘർഷം. ഇതിനിടെ ചിലർക്ക് പരിക്കേറ്റിരുന്നു. ഇതറിഞ്ഞാണ് പോലീസ് സ്‌ഥലത്ത് എത്തിയത്.
അക്‌ബറുമായി ജീപ്പിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് വിവരം. രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ് നാരായണന്റെ കൈക്കാണ് വെട്ടേറ്റത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!